സംസ്കാര സമ്പന്നനായ യൂറോപ്യനും അപരിഷ്കൃതനായ ഏഷ്യനും.


Translated: from "Civilised Europeans and Savage Asians," Lenin, April 14, 1913, http://www.marxists.org/archive/lenin/works/1913/apr/14.htm, by Maya Leela, 2013.


അറിയപ്പെടുന്ന ഇംഗ്ലീഷ് സോഷ്യല്‍ ഡെമോക്രാറ്റ് ആയ റോത്ത്സ്റ്റെയിന്‍, ജെര്‍മ്മന്‍ ലേബര്‍ പത്രത്തില്‍ ബ്രിട്ടീഷ്‌ ഇന്ത്യയില്‍ നടന്ന ഒരു പ്രത്യേക സംഭവത്തെ പറ്റി സൂചിപ്പിക്കുന്നുണ്ട്. ചിന്തോദ്ദീപകമായ ഈ സംഭവം മറ്റെല്ലാ വാദങ്ങളിലും ഉപരിയായി എന്തുകൊണ്ടാണ് മുന്നൂറു കോടിയില്‍ പരം ജനങ്ങളുള്ള ആ രാജ്യത്ത്‌ വിപ്ലവം ത്വരഗതിയില്‍ നടക്കുന്നത് എന്നത് കൃത്യമായി വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ റംഗൂണ്‍ നഗരത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തില്‍, ആര്‍നോള്‍ഡ് എന്ന ബ്രിട്ടീഷ്‌ മാധ്യമ പ്രവര്‍ത്തകന്‍, "ബ്രിട്ടീഷ്‌ നീതിപാലനത്തിന്‍ മേല്‍ ഒരു പരിഹാസം" എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനം പബ്ലിഷ് ചെയ്തിരുന്നു. ആ ലേഖനത്തിന്‍റെ ഉള്ളടക്കം ആണ്ട്രൂ എന്ന ബ്രിട്ടീഷ്‌ ജഡ്ജിയുടെ തനി നിറം വെളിവാക്കുന്നതായിരുന്നു.

ആ ലേഖനം പ്രസിദ്ധീകരിച്ചതിന് ആര്‍നോള്‍ഡ്ന് പന്ത്രണ്ട് മാസം ജയില്‍ ശിക്ഷ വിധിക്കുകയുണ്ടായി. പക്ഷെ അപ്പീല് പോവുക വഴിയും ലണ്ടനിലുള്ള തന്‍റെ പിടിപാടുകള്‍ ഉപയോഗിച്ചും അയാള്‍ കേസ് ബ്രിട്ടന്‍റെ സര്‍വ്വോന്നത കോടതിയ്ക്ക് മുന്‍പില്‍ എത്തിച്ചു. അതിന്‍റെ ഫലമായി ഇന്ത്യന്‍ ഭരണകൂടം ഝടിതിയില്‍ ശിക്ഷ നാല് മാസമായി കുറയ്ക്കുകയും ആര്‍നോള്‍ഡ്‌ മോചിതനാവുകയും ചെയ്തു.

എന്നാല്‍ എന്തായിരുന്നു ഈ കുഴപ്പങ്ങള്‍ക്കൊക്കെ കാരണം?

ബ്രിട്ടീഷ്‌ കേണല്‍ മക്ക്രോമിക്ന്‍റെ കാമുകിയ്ക്ക്, ഐന എന്ന് പേരുള്ള പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലിക വേലക്കാരിയായി ഉണ്ടായിരുന്നു. സംസ്കാരം തുളുമ്പുന്ന ഒരു രാഷ്ട്രത്തിന്‍റെ ഘോഷിക്കപ്പെട്ട ഈ പ്രതിനിധി ആ കുഞ്ഞിനെ വശീകരിച്ച് തന്‍റെ കിടക്കറയില്‍ വരുത്തിച്ചു ബലാത്സംഗം ചെയ്യുകയും അതിനെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

ഈ സമയത്ത്‌ പക്ഷെ ഐനയുടെ പിതാവിന് ശാരീരികാസ്വാസ്ഥ്യം വര്‍ദ്ധിച്ച് മരണത്തോടടുക്കുകയായിരുന്നു. അയാള്‍ തന്‍റെ മകളെ വിളിച്ചുകൊണ്ടുവരാന്‍ ആളെ വിട്ടു. അങ്ങനെയാണ് പുറം ലോകവും ആ ഗ്രാമവും ഈ കഥ അറിയുന്നത്. ആ പ്രദേശത്തെ ജനരോഷം തിളച്ചു മറിയുകയും, മക്ക്രോമിക്കിന്റെ അറസ്റ്റ്നു ഓര്‍ഡര്‍ ഇടാന്‍ പോലീസ്‌ നിര്‍ബന്ധിതരാവുകയും ചെയ്തു പക്ഷെ ന്യായാധിപനായ ആണ്ട്രൂ, മക്രോമിക്കിനെ ജാമ്യത്തില്‍ വിടുകയും നീതിന്യായവ്യവസ്ഥയെ പരിഹസിക്കുന്ന രീതിയില്‍ ഒരു വിചാരണ നടത്തി അയാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

കുലീനജാതര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്ഥിരമായി ഇത്തരം സന്ദര്‍ഭങ്ങളില്‍ പറയുന്നത് തന്നെയാണ് സ്ത്രീലമ്പടനായ ഈ കേണലും കേസില്‍ പ്രസ്താവിച്ചത്, ഐന ഒരു വ്യഭിചാരിണി ആണെന്നാണ്‌ അയാള്‍ വാദിച്ചത്. അതിനു തെളിവായി അയാള്‍ അഞ്ചു സാക്ഷികളെ കൊണ്ട് വന്നു. ഐനയുടെ അമ്മയുടെ ഭാഗത്ത്‌ നിന്ന് വന്ന എട്ട് സാക്ഷികള്‍ ഉണ്ടായിരുന്നു എങ്കിലും അവരെയൊന്നും ആണ്ട്രൂ വിചാരണ ചെയ്യുകയോ വിസ്തരിക്കുകയോ ചെയ്തില്ല.

അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റത്തിന് മാധ്യമ പ്രവര്‍ത്തകനായ അര്‍നോള്‍ഡ്‌ വിചാരണ ചെയ്യപ്പെട്ടപ്പോള്‍ ആ കോടതിയുടെ അധ്യക്ഷനായിരുന്ന സര്‍ ("His Worship") ചാള്‍സ് ഫോക്സ്, അര്‍നോള്‍ഡിനു അനുകൂലമായി മൊഴി നല്‍കാന്‍ വന്ന സാക്ഷികളെ വിസ്തരിക്കാനുള്ള അവസരം പോലും നിഷേധിച്ചിരുന്നു.

ഇന്ത്യയില്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് സംഭവങ്ങള്‍ നടക്കുന്നു എന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. അപകീര്‍ത്തിപ്പെടുത്തുന്ന ഒരുവനായി മുദ്രകുത്തപ്പെട്ട അര്‍നോള്‍ഡിനെ (ലണ്ടനില്‍ ഉള്ള ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍റെ മകനാണ് അര്‍നോള്‍ഡ്‌) ശിക്ഷ ഇളവ്‌ കിട്ടി പുറത്തു വരാന്‍ സഹായിച്ചത് വളരെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സാഹചര്യങ്ങളാണ്. അങ്ങനെയാണ് ഈ കേസിന് പ്രചാരണം ലഭിക്കാന്‍ ഒരു അവസരം കിട്ടിയതും.

ഇന്ത്യന്‍ ഭരണത്തിന്‍റെ തലപ്പത്ത് ബ്രിട്ടീഷ്‌ ലിബറലുകള്‍ അവരുടെ പക്കലുള്ള ഉത്തമന്മാരെയാണ് നിയമിച്ചിരിക്കുന്നത് എന്ന് മറക്കരുത്. കുറച്ചു കാലം മുന്‍പ് വരെ ഇന്ത്യയുടെ വൈസ്രോയി സ്ഥാനം, വഹിച്ചിരുന്നത് ജോണ്‍ മോര്‍ലി ആണ്. ഈ വൈസ്രോയിയുടെ സ്ഥാനം മക്രോമിക്ക്കളുടേയും ആണ്ട്രൂമാരുടേയും ഫോക്സുകളുടെയും ഒക്കെ തലപ്പത്താണ്. പരിഷ്കരണവാദിയായ, അറിയപ്പെടുന്ന എഴുത്തുകാരന്‍, യൂറോപ്യന്‍ വിദ്യാഭ്യാസത്തിന്‍റെ ജ്യോതിസ്സ്, യൂറോപ്പിലെയും റഷ്യയിലേയും ലിബറലുകളുടെ കണ്ണിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തി എന്നൊക്കെ അറിയപ്പെട്ടിരുന്ന അതേ ജോണ്‍ മോര്‍ലി. കോളനിവതകരണം വഴി

സംസ്കാരശൂന്യമായിരുന്ന ഏഷ്യയില്‍ ഉണര്‍ത്താന്‍ ശ്രമിച്ച യൂറോപ്യന്‍ "ചേതന", ഏഷ്യയില്‍ അതിനും മുന്‍പേ പടര്‍ന്നിരുന്നു. അവരുടെ ചിന്താഗതികള്‍ ജനാധിപത്യത്തില്‍ അധിഷ്ഠിതമായി മാറിയിട്ടുണ്ടായിരുന്നു.